മണ്ണിൻ കട്ടയും ഇലയും

ഞാൻ എന്ന മനുഷ്യൻ, ബോധം, ഭാവം – ഇലകൾ കൊണ്ട് സംരക്ഷിക്കപ്പെടുന്ന മണ്ണിൻ പിണ്ഡം പോലെയാണ്. ഭാരമുണ്ടെന്ന് നടിക്കിലും, അലസമായ കാറ്റിനും മഴയ്ക്കും നുള്ളാനുള്ള ഉൾക്കാതം ഇല്ലാതെ, ഉടയാതെ ഉലയാതെ അസ്തിത്വം തെളിയിക്കാൻ, അല്പ ദേഹിയായി അലഞ്ഞു തിരിഞ്ഞു. മഴയെ പേടിച്ച ഞാൻ,കാറ്റിനെ പേടിച്ച അവൾ. ഇരുകരങ്ങളിൽ ഉരുക്കു പോലെ അമർന്നത് സ്വയം സംരക്ഷിച്ചു പിടിക്കാൻ. പിന്നെ മണ്ണിൻ്റെ ഗന്ധം കുറഞ്ഞു, ഭയം മലിനമാക്കിയ ചിന്താദേങ്ങളിൽ സ്വയം ഉലഞ്ഞു. തെളിനീരു പോലെയവൾ എന്നെ കാത്തു രക്ഷിച്ചു പോന്നു. അസ്തിത്വം മഴയെക്കാൾ നോവായി മാറി.
പിന്നെ പിന്നെ ഒരു മഴയിൽ അലിഞ്ഞു തീരാൻ കാത്തിരുന്നവൻ. ഇടവപ്പാതിയും തുലാവർഷവും വന്നില്ലാ, ഋതുഭേദങ്ങൾ ഇങ്ങനെ കൊഴിഞ്ഞുപോയി, എൻ്റെ വ്യസനം കണ്ടു എന്നെ ചേർത്തു പിടിച്ച എൻ്റെ മഞ്ഞ പുതപ്പണിഞ്ഞ ഇല മെല്ലെ പുഞ്ചിരിച്ചു.കണ്ണീരണിഞ്ഞു കൊണ്ടവൾ പുഞ്ചിരിച്ചു, പിന്നെ ഇരുവരും വാരിപ്പുണർന്നു. അവളുടെ കണ്ണുനീരിൽ ഞാൻ ആദ്യമായി സംതൃപ്തി കണ്ടെത്തി, ഞാൻ അറിഞ്ഞു തുടങ്ങി – ഞാൽ അലിഞ്ഞു ചേരുന്നത് ശൂന്യതയിലേക്കാണ് എന്ന്. അവളുടെ കണ്ണീരു … ഞാൻ … എനിക്ക് കാവലായ ഇല കരിഞ്ഞു ,ഒരു മണ്ണിൻ കട്ട അലിഞ്ഞു . ഏതോ ഒരു ഇല, ഏതോ ഒരു മണ്ണിൻ കട്ട . കാലം ഒളിവിൽ പാർപ്പിച്ച മഴയും കാറ്റും ചീറിപ്പാഞ്ഞു വന്നു. ഒരു കഥ പിറന്നു.

Advertisements

ഞാണ്

മക്കളുടെ പൊടിപ്പിച്ച ചിത്രങ്ങൾ നോക്കി ഓർമ്മകളുടെ ആർദ്രതയിൽ മൂകമായൊരമ്മയെപ്പോലെ

അസാധാരണമായ ദിവസം. പ്രകൃതി മൂകയാണ്, ശാന്തയാണ്. മക്കളുടെ പൊടിപ്പിച്ച ചിത്രങ്ങൾ നോക്കി ഓർമ്മകളുടെ ആർദ്രതയിൽ മൂകമായൊരമ്മയെപ്പോലെ. അന്തരീക്ഷത്തിൽ ഒരു ഇരുട്ട് പടർന്നിരിക്കുന്നു. എവിടെയോ ശുദ്ധജലത്തിൽ തുള്ളി മഷി വീണു. അനാദിമധ്യാന്തം നീണ്ടു കിടക്കുന്ന ഒരു വരയിൽ സൂക്ഷ്മമായ വളവ് വീണു. ആറോഡിൽ ഒരു കാർ ശാന്തമായി കടത്ത പോകുന്നു. പക്ഷേ അതിൻ്റെ തേരാളി …എന്തോ ഒന്ന് അവൻ്റെ ഉള്ളിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു. ഒരു മൂളൽ, ഒരു തരിപ്പ്, അശാന്തിയുടെ അപര സ്വരങ്ങൾ, വയലിൻ്റെ നാലാമത്തെ സ്വരസ്ഥാനങ്ങളുടെ ഒടുങ്ങാത്ത വായനപോലെ. വണ്ടിയുടെ സ്റ്റീയറിങ്ങ് അമർത്തി പിടിച്ചു, അവൻ ആ പതിഞ്ഞ ചടുലതാളത്തെ അടക്കി നിർത്താൻ ശ്രമിച്ചു, അടിച്ചമർത്താൻ ശ്രമിച്ചു. പിന്നിൽ സീറ്റിൽ നിന്ന് അവിരാമം തുടരുന്ന കലപില സംസാരത്തിൻ്റെ അസ്വസ്തതയുടെ പുതപ്പിൻ ചുവട്ടിൽ ഒതുങ്ങിക്കൂടാൻ വൃഥാ ശ്രമിച്ചു. .ചരടു പൊട്ടി അകന്നു പോകുന്ന ബോധ മനസ്സിൻ്റെ നിയന്ത്രണം തിരികെപ്പിടിക്കാൻ അയാൾ പെടാപ്പാടുപെട്ടു. ആ കാറിൻ്റെ പിൻസീറ്റിൽ അച്ഛനും അമ്മയും മകളും അടങ്ങുന്ന ചെറുകുടുംബം അവരുടെ ദൈനംദിന വേഷങ്ങൾ കൈകാര്യം ചെയ്തു പോന്നു. ” അയ്യോ! നിനക്ക് വല്ലായ്മ ഉണ്ടെങ്കിൽ ഇവിടെ വല്ലോ റൂം എടുക്കാം.” അമ്മ പറഞ്ഞു. “എനിക്ക് വയ്യാ … നമുക്ക് തിരിച്ചു പോവാ ” മകള് തൻ്റെ ഇഗിതം പ്രകടമാക്കി. “നിനക്കെന്നാടി ,ഞങ്ങളോട് സംസാരിക്കാൻ വയ്യ…യാത്ര ചെയ്യാൻ വയ്യ… ഈ പ്രായം ഒക്കെ കഴിഞ്ഞാ ഞങ്ങളും ഇവിടെ വരെ എത്തിയെ ” അച്ഛൻ പ്രതികരിച്ചു. ” പോ …” അമ്മ പറഞ്ഞു തീരും മുൻപ് വണ്ടി പൊടുന്നനെ നിന്നു. “എന്തു പറ്റി ?” ഡ്രൈവറോട് മകള് ചോദിച്ചു.
ഡ്രൈവർ തല തിരിച്ചു, അയാളുടെ രൂപം കണ്ട്, അച്ഛൻ നിലവിളിച്ചു, അമ്മ മകളെ ചേർത്തു പിടിച്ചു.അയാളുടെ സർവ്വ ദ്വാരങ്ങളിൽ നിന്നും ചോര അണമുറിയാതെ ഒഴുകുന്നു.
“ദൈവം വന്നു … ദൈവം വന്നു…. ദൈവം വന്നു ”
അയാളുടെ കണ്ണുകളിൽ നിസ്സീമമായ ആനന്ദം, അയാൾ ഒന്നു നിശ്വസിച്ചു. അച്ഛൻ എന്തോ ചോദിക്കാൻ ആഞ്ഞു.
ആ നിമിഷം ആ ഡ്രൈവർ ആയിരം ചെറു മാംസ കഷ്ണങ്ങളായി ചിന്നി ചിതറി, എല്ലാവരേയും ചോരയിൽ കുളിപ്പിച്ച് അയാൾ പൊട്ടിത്തെറിച്ചു. അതിനപ്പുറം ഒരു കൂട്ട നിലവിളി മാത്രം ഒപ്പം വായിൽ പോയ മാംസവും ചോരയും ഛർദിക്കാനുള്ള ശരീരങ്ങളുടെ ശ്രമം.ഗോപ്യമായി മകള് മാത്രം പുഞ്ചിരി തൂകി.

നിമിഷം

ഈ നിമിഷത്തിൻ്റെ ശൂന്യതയിൽ നിന്ന് ഇന്നലെകളുടെ സുഗന്ധം പരത്തുന്ന ഓർമ്മകളുടെ ഉദ്യാനത്തിൻ്റെ നടുവിൽ, ഏകാകിയായി, ഞാൻ കാത്തുനിൽപ്പുണ്ട് .ആ കാത്തിരിപ്പിന് അങ്ങേയറ്റം അണമുറിയാതെ ഒഴുകുന്ന സ്നേഹസാഗരത്തിൻ്റെ ഇരമ്പൽ എൻ്റെ വദനസദസ്സിൽ ഒരു ചെറുപുഞ്ചിരിയുടെ വേഷം അണിഞ്ഞു നിറഞ്ഞു നിന്നു. ആ നിർവൃതിയുടെ പരകോടിയിൽ അനിതരസാധാരണമായ ഒരു സുഖ പരവശ്യത എന്നെ പിടികൂടി. അനന്തതയിൽ നിന്ന് ഞാൻ കടഞ്ഞെടുക്കാൻ വെമ്പി നിൽക്കുന്ന അനഘമായ സൗന്ദര്യശില്പങ്ങൾ ഏതിനും, ഒരു വ്യക്തിയുടെ, മാത്രം സാദൃശ്യമേ ഉണ്ടാവുകയുള്ളൂ . ആ ബോധത്തിൻ്റെ നിറവിൽ ,ആ തിരിച്ചറിവിൽ, ഞാൻ ഉയർന്ന് നിന്ന് , നിവർന്ന് നിന്ന്, വിഹായസ്സിൽ വെട്ടിതിളങ്ങുന്ന ദിനകരനെ നോക്കി പുഞ്ചിരിച്ചു. കണ്ണുകൾ അടച്ചു, ഞാൻ എൻ്റെ പ്രപഞ്ചത്തിൻ്റെ സ്പന്ദനത്തെ മനസ്സുകൊണ്ട് തൊട്ടറിഞ്ഞു . ഞാൻ എന്ന ബോധം കരിയിലകളുടെ ഇടയിലേക്ക് മെല്ലെ ഇഴുകിച്ചേർന്നു. ഈ നിമിഷം ഇതാ കൊഴിഞ്ഞു പോയി. മന്ദമാരുതൻ വരവറിയിക്കുന്നു… ഈ നിമിഷം എന്നേ കൊഴിഞ്ഞു പോയിരിക്കുന്നു.

ബാക്കിയാകുന്ന ചിരി

പ്രിയ സുഹൃത്തേ,

കഥകൾക്ക് ഒരിക്കലും പഞ്ഞം ഇല്ല എന്നത് ശരിയാണ്, പക്ഷേ ഓർമയിൽ ആദ്യം തെളിയുന്ന കഥകൾ കൂടുതൽ വിഷമം ഉള്ളതാണ്, അത് എപ്പോഴും അങ്ങനെ ആയിരിക്കും.

ഒരിക്കല് ഒരു പരീക്ഷ എഴുതാൻ ഞാൻ ചെന്നൈയില് പോയി. പരീക്ഷയ്ക്ക് സെന്റർ കേരളത്തിൽ പലയിടത്തും ഉണ്ടെങ്കിലും, പരിചിതമല്ലാത്ത നഗരത്തിൽ തന്നെ പോയി എഴുതണം എന്ന ഒരാഗ്രഹത്തിന്റെ പേരിൽ, ഒരു വാശിയുടെ പേരിൽ, ഞാൻ ചെന്നൈ വെച്ച് പിടിയ്ക്കാൻ ഉറച്ചു. ഒരു വൈകുന്നേരം 5.30 മണിക്ക് ഞാൻ യാത്ര തുടങ്ങണം, ചെന്നൈ നഗരം ലക്ഷ്യമാക്കി. അന്ന് 4 മണി ആയി കാണും ഞാനും എന്റെ ജ്യേഷ്ഠ സ്ഥാന ത്തുള്ള ജോൺ അലക്സാണ്ടർ എന്ന ജോൺ ചേട്ടനും കൂടി ഓഫീസിന് പുറകിലുള്ള ചെറിയ നടവഴി താണ്ടി അങ്ങനെ മുന്നോട്ട് പോയി. എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, എന്റെ മണ്ടത്തരങ്ങൾ, എന്റെ പൊള്ളത്തരങ്ങൾ, ചേട്ടന്റെ ചുണ്ട് വലിഞ്ഞുള്ള കണ്ണ് പാതിയായുള്ള വലിയ ചിരി ഞങ്ങളുടെ സംസാരത്തിൽ മേമ്പൊടി ആയി ഉണ്ട്. രണ്ടു സിഗരറ്റ് വാങ്ങി, പതിയെ വലിച്ചു കൊണ്ട് നടന്നു. ജീവന്റെയും ജീവിതത്തിന്റെയും അറിവിനെ കുറിച്ച് ഐഡന്റിറ്റി യെ കുറിച്ച്, ആത്മബോധത്തിന്റെ ആഴങ്ങളെ കുറിച്ച് അങ്ങനെ കരയ്ക്കും കടലിനും ആകാശത്തിനും ഇടയിലുള്ള ഒരുപാട് സംസാരിച്ചു. 4.45 ആയി ഞങ്ങൾ പുറകിലെ പ്രധാന റോഡിൽ എത്തിയപ്പോൾ, പിന്നെ ഒരു യൂബർ ടാക്സി വിളിച്ചു, ഞങ്ങൽ സംസാരം തുടർന്ന്, ഡോക്കർ, ലിനക്സ് അങ്ങനെ ഒരുപാട് സംസാരിച്ചു. പെട്ടെന്ന് തന്നെ തമ്പാനൂർ റെയ്ൽവേ സ്റ്റേഷൻ എത്തി എന്ന് തോന്നി, പക്ഷേ അപ്പോഴേക്കും 5.15 ആയി കഴിഞ്ഞു. ബസ് സ്റ്റേഷനിൽ പോകേണ്ട ചേട്ടൻ, എന്നെ യാത്ര അയക്കാൻ സ്റ്റേഷനിൽ ഉള്ളിലേക്ക് വന്നു. വീട്ടിൽ നിന്ന് ഇറങ്ങിയ വീട്ടുകാര് എത്തിയിട്ടില്ല, ട്രാഫിക് ബ്ലോക്കിൽ അകപെട്ട് കിടക്കുന്നു എന്ന് വിളിച്ചു പറഞ്ഞു. ജോൺ ചേട്ടൻ അപ്പോഴേക്കും പ്ലാറ്റ്ഫോം ഒക്കെ നോക്കി പറഞ്ഞു. ജോൺ ചേട്ടൻ എന്നോട് പറഞ്ഞു “നിനക്ക് അറിയല്ലോ എങ്ങനെ എഴുതണം എന്ന്, നന്നായി എഴുതണം എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ”
എന്നെ യാത്രയാക്കി ജോൺ ചേട്ടൻ, പുള്ളിയുടെ സ്ഥിരം യാത്രയുടെ പുറകെ പോയി, പോകുന്നതിനു മുൻപ് ഞാൻ ആരായിരുന്നു ചേട്ടന് എന്ന് ഞാൻ അറിഞ്ഞ ആ വാക്കുകൾ “ഞാൻ ആരെയും യാത്ര അയക്കാൻ റെയ്ൽവേ സ്റ്റേഷൻ കയറിയിട്ടില്ല, നിനക്ക് വേണ്ടിയാണ്, ഞാൻ ആദ്യമായി, പരീക്ഷ ജയിക്കണം, ജയിക്കും, എനിക്ക് അറിയാം” സ്നേഹം അങ്ങനെ ഒക്കെയാണ്, മനുഷ്യൻ അങ്ങനെ ഒക്കെയാണ്, അങ്ങനെ അല്ലെങ്കിലും, ജോൺ ചേട്ടൻ അങ്ങനെ ആണ്. ഞാൻ പതിയെ കെട്ടിപ്പിടിക്കാൻ ആലോചിച്ചു, ഒന്ന് പറയണ്ടെ എനിക്കും നിങ്ങള് എന്റെ ചേട്ടനെ പോലെ ആണെന്ന്. പക്ഷേ എനിക്ക് പറ്റിയില്ല, അന്ന് സ്വകാര്യമായി ചിരിക്കാനും കണ്ണ് നിറയ്ക്കാനും മാത്രമേ കഴിഞ്ഞുള്ളൂ. ചേട്ടൻ തന്റെ സ്വതസിദ്ധമായ ചിരിയിൽ എന്റെ തോളിൽ തട്ടി പതിയെ തിരിഞ്ഞു നടന്നു, ആ കാഴ്ച എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട് ഇപ്പോഴും എപ്പോഴും.

നടന്നു പോയി ചേട്ടൻ. ഞാൻ നടന്നു കയറി നിർത്തിയിട്ടിരുന്ന എന്റെ ട്രെയിനിലെ എന്റെ ബോഗിയിൽ.
എടുക്കുന്നതിന് തൊട്ടു മുൻപുള്ള ഒരു ആടിയുലച്ചിൽ കഴിഞ്ഞു. ഞാൻ തയാറെടുത്തു, അച്ഛനും അമ്മയും അപ്പോഴാണ് എത്തിയത്, അവർ എനിക്ക് അല്പം ഉപദേശവും, ധൈര്യവും, ഒരുപാട് സ്നേഹം നിറഞ്ഞ വാക്കുകളും തന്നു.ഈ പരീക്ഷ എത്ര പ്രധാനം ആണെന്ന് ഓർമിപ്പിച്ചു, ആശയങ്ങളെ ക്രോഡീകരിച്ച് എഴുതുമ്പോൾ കനം കുറച്ച് എഴുതൂ എന്ന് അവർ ഓർമിപ്പിച്ചു. കാരണം ഇത്തരം സർക്കാർ പരീക്ഷകൾക്ക് ചില അപ്രഖ്യാപിത അലിഖിത രീതികളുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അവർ. ഞാൻ പക്ഷേ അധികം അടുത്തേക്ക് നീങ്ങി നിന്ന് സംസാരിച്ചില്ല. കുറെ നേരം മുൻപ് ജോൺ ചേട്ടനോട് ഒപ്പം നിന്ന് വലിച്ച സിഗരറ്റ് മണം അമ്മയ്ക്ക് കിട്ടാൻ പാടില്ല, കിട്ടിയാൽ തീർന്നു. അമ്മ എന്നും അമ്മ തന്നെ ആണല്ലോ.
ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. ചെന്നൈ മഹാനഗരം ഇനി 16 മണിക്കൂർ അപ്പുറം, ഒരു ദിവസം പോലുമില്ല.
മനസ്സ് അപ്പോ പതിയെ ജോൺ ചേട്ടനെ, അച്ഛനെ അമ്മയെ, വിട്ടു എന്നോട് ഒപ്പം മാത്രമായി നിന്നു.
പിന്നീട് ഞാൻ ആ പരീക്ഷയിൽ തോറ്റു, പക്ഷേ യാത്ര, റെയ്ൽവേ സ്റ്റേഷൻ, അച്ഛൻ, അമ്മ, സിഗരറ്റ്, അങ്ങനെ എല്ലാം എന്റെ മനസ്സിൽ ഉണ്ട്. പിന്നെ തീരാ വേദനയായി ജോൺ ചേട്ടനും, പിന്നീട് 2 മാസം കൂടിയേ ചേട്ടൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ജോൺ ചേട്ടൻ ഇപ്പോഴും മനസ്സിൽ ചിരിക്കുന്നുണ്ട്.