അമ്മ

Advertisements

ജീവി

ചിരപരിചിതരായ അപരിചിതരുടെ നടുവിൽ ആണ് നമ്മുടെ ജീവിതം. തമ്മിൽ പരിചയം ഉണ്ടെന്ന് വരുത്തി, ഒരു പുഞ്ചിരിയുടെ മറവിൽ സ്വജീവനത്തിന്റെ മാത്രം പരീക്ഷകൾക്ക് കോപ്പ് കൂട്ടുന്നവർ. അവിരാമം തുടരുന്ന വൈകാരിക ഏറ്റുമുട്ടലുകൾ പ്രകടിപ്പിക്കാതെ ഒളിയുദ്ധം നടത്തുന്ന പോഴന്മാർ. അങ്ങനെയേ കരുതിയിരുന്നുള്ളൂ, അങ്ങനെ കരുതാൻ, അങ്ങനെ ന്യായീകരിക്കാൻ എളുപ്പമായിരുന്നു.

ഞാൻ ആര് എന്നു നിങ്ങൾക്ക് തോന്നാം. നിങ്ങൾക്ക് എന്നെ എന്തും വിളിക്കാം, അച്ഛൻ, അമ്മ,സുഹൃത്ത്, ദൈവം, പടച്ചവൻ,കാർകോടകൻ, ദാമു,രാജു, ശ്യാമ, വേണു,പന്നി,പാട്ടി,പട്ടി അങ്ങനെ നിങ്ങളുടെ ദൈനംദിന ജീവിത നിഘണ്ടുവിൽ നിങ്ങൾക്ക് അവലംബിക്കാവുന്ന ഏതു നാമധേയവും എനിക്ക് ചാർത്തി തരാവുന്നതാണ്.

ഞാൻ എന്നൊന്ന് ഇല്ല, കാരണം ഒരായിരം മനുഷ്യരുടെ ഇടയിലും, അല്ല ഏതു ജീവജാല സമ്മേളനങ്ങളിലും ഞാൻ അദൃശ്യൻ ആണ്, അവരുടെ ബോധമണ്ഡലത്തിൽ ഞാൻ എന്നത് പ്രതിഫലിക്കാറില്ല. ഞാൻ ഏകനും ദ്വൈതനും ആണ്. എനിക്ക് അറിവില്ല, വിശ്വാസമില്ല, വേഷ്ടിയില്ല, ഉഗ്രതാപവും ഇല്ല, നിറമില്ല,ലോപമില്ല,പിന്നെ ബാക്കിയുള്ള ശരീരമോ , അത് എന്റെയല്ല നിന്റെയാണ്.

ഞാൻ നഗ്നൻ ആണ്, അതു കൊണ്ടു തന്നെ എനിക്ക് എന്തും കാണാം, എന്തും പറയാം, ഏതു ചേതോവികാരം ആണോ അതിനു പൊളിക്കാൻ എനിക്ക് തൊലിപ്പുറം ഇല്ല. ഞാൻ നഗ്നൻ ആണ്.

അങ്ങനെ വിഷ്ടപത്തിലോട്ടുമേ ഞാൻ നിറഞ്ഞു കവിഞ്ഞു നിൽക്കുമ്പോഴാണ്, എന്നെ അതു തിരിച്ചറിഞ്ഞത്, ആ ജീവിയ്ക്ക് ഒരു മനുഷ്യന്റെ മുഖം ആയിരുന്നു, പക്ഷേ ഞാൻ കാണുന്ന മനുഷ്യന്റെ അത്ര വളർച്ചയും ഇല്ല. ഒരു മനുഷ്യന്റെ ദേഹത്തു കയറി ഇരിക്കയാണ് അതു. അതു എന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്നുണ്ട്. ഇതെന്ത് വസ്തു ആണ്, ഇതെന്തു ജീവി. ഞാൻ അതിനെ എന്റെ അറിവ് മുഴുവൻ കാട്ടി. പേടിക്കട്ടെ എന്നു കരുതി, പക്ഷേ അത് അപ്പോഴും പല്ലിളിച്ചു കാണിച്ചു, അയ്യേ, അതു ശബ്ദം ഉണ്ടാക്കുന്നു.

എനിക്ക്, തൊലിപ്പുറം ഉണ്ടെന്ന് തോന്നുന്നു. ഞാൻ മതപ്രഭാഷണം നടത്തി നോക്കി, അതു അപ്പോഴും വിചിത്രമായ ഒരു ശബ്ദം ഭാഷണം നടത്തികൊണ്ടു കൈകാട്ടി ചിരിച്ചു. അതിനെ ഒക്കത്ത്‌ പ്രതിഷ്ഠിച്ച ആ രൂപം എന്നെ നോക്കുന്നു, കണ്ണുരുട്ടുന്നു. അതിനും എന്നെ.. ഞാൻ രൂപനാണ്, ദൃശ്യൻ ആണ് ഇവർക്ക്, ഇവരുടെ പുറകെ അലയണം ഇനി കുറച്ചു നാൾ.

ജാലകം

നീ ഇന്നു എന്റെ അരികിൽ എത്തും എന്നു ഞാൻ കരുതി. എന്റെ കരുതലുകൾ എന്നും ജലരേഖകൾ മാത്രമാണെങ്കിലും, ഇന്ന് ഉറപ്പായും അങ്ങനെ സംഭവിക്കും എന്നു തന്നെ കരുതി. കാരണം ഇന്ന് ഞാൻ ആ ജാലകം തുറന്നു, 8 വർഷങ്ങൾക്കു ശേഷം ഞാൻ നമ്മുടെ മുറിയിലെ ജലകവത്തിലുകൾക്കു മുകളിൽ പതിയെ വിരലുകൾ അമർത്തി, മരവിച്ചു പോയ എന്റെ ഒറ്റമുറിക്കു വെളിച്ചം ശാപമോക്ഷം നൽകി. ഞാൻ അങ്ങനെ നോക്കിയിരുന്നു, പാടത്തു അലഞ്ഞു തിരിയുന്ന കാറ്റിനെ കണ്ടു, നിന്നെ കണ്ടു, എന്നെ കണ്ടു, നമ്മളെ കണ്ടു. കൊതിയോടെ എന്റെ ഓർകൾക് പൂർണം സ്വാതന്ത്ര്യം കൊടുത്തു. അവർ വരച്ച ചിത്രങ്ങൾക്ക് കണ്ണീരിന്റെ കയ്യൊപ്പു പകർന്നു.

8 വർഷമല്ല കടന്നു പോയത്, ജീവന്റെ തീക്ഷണമായ യൗവ്വനം ആണ് കടന്നുപോയത്, എവിടെയോ നമ്മൾ കൈപിടിച്ചു നടന്നു പോകുന്നു. ആ പാടത്തു കളിക്കുന്നുണ്ട്, അവർ ആ വഴിയിലൂടെ നടന്നു പോകുന്നുണ്ട്, ആ പുല്മേടുകളുടെ മറവിൽ പരസ്പരം ഒടുങ്ങാത്ത ആവേശത്തിൽ ചുംബിക്കുന്നുണ്ട്. ഒടുവിൽ ശാന്തമായി അവർ ശ്യാമാംബരം വീക്ഷിക്കുന്നുണ്ട്, കൈകൾ കോർത്തുപിടിച്ചു ,തോളുകൾ ഉരുമ്മി, അകലേക്ക് കണ്ണുകൾ പായിച്ചു, ശാന്തമായി തെന്നലോളങ്ങളെ ആസ്വദിച്ചു ചക്രവാളസീമയിലേക്കു അലിഞ്ഞു ചേരുന്നുണ്ട്.

നീ ഇന്ന് വരും എന്ന് കരുതി ഞാൻ. ഞാൻ ജാലകം ചാരുകയാണ്, ചെമ്മെ കണ്ണുകൾ അടയ്ക്കുകയാണ്, പുതപ്പിന് പുറത്തേക്കു എന്റെ കാലുകൾ നീട്ടി വെയ്ക്കുന്നു. അതു നാളെ തണുത്തു മരവിയ്ക്കും മുൻപേ നീ വരില്ലേ.

കേൾക്കാതെ പോകുന്ന ഉത്തരങ്ങൾ

വളരെ മടിയോടെ കറങ്ങുന്ന ഫാനിന് ചോട്ടിൽ, പ്രപഞ്ചം അതിനെ അറിയുകയാണ്.

” ഇൗ ജീവന്റെ അർത്ഥം എന്ത് കോപ്പാണ്?”

 “ഒന്നുകിൽ നീ അത് എടുത്തു അടിക്ക്, അല്ലേൽ പോയി ചാവ്” 

“അതാണോ ജീവന്റെ അർത്ഥം”

“ആ.. അതാണ്.. ഇപ്പൊ”

“ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ട്. അതിന്റെ ഉള്ളിൽ ഞാൻ മറ്റൊരു സ്വപ്നം കണ്ട്”

“ഡാ ഇന്റെല്ലക്ടുവൽ അവല്ലെ, അല്ലെങ്കിൽ ആയിക്കോ, പക്ഷെ ഇങ്ങനെ ഒണ്ടാക്കല്ലേ.. എടുത്തു അടി, നിന്റെ കൂടെ ഇരുന്നു അടിക്കാൻ ..വേണ്ടാന്നു വിചാരിച്ചത് ഇതൊക്കെ കൊണ്ടു ആണ്.”

“ഇന്നലെ ഞാൻ നാളെ സ്വപ്നം കണ്ടായിരുന്നു, അത് സ്വപ്നം ആണോ, അതോ ഇന്ന് തന്നെ ആണോ?”

“ഡാ മയിരെ, മതി,.. മതിയാക്കി..ഞാൻ പോകുവാണ്..”

അവൻ അവന്റെ ഗ്ലാസ്സ് കാലിയാക്കി, പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. വാതിൽ ഇറുകെ പിടിച്ചു തുറന്ന്, പോകാൻ നേരം കൂട്ടുകാരനെ  ദൃഷ്ടി കൊണ്ട് ദേഷ്യം അറിയിച്ചു. പുറത്തേക്ക് പോകാൻ ഇറങ്ങിയ അയാൾ താൻ കുടിച്ച് വറ്റിച്ച ഗ്ലാസ്സിലേക്കു ഒരു നിമിഷം ശ്രദ്ധ തിരിച്ചു, എന്തോ പിറുപിറുത്തുകൊണ്ടു അയാൾ മറ്റവനെ നോക്കി.

ഗദ്ഗദത്തോടെ നിറഞ്ഞ കണ്ണുകളോടെ മറ്റവൻ ചോദിച്ചു,

“ഡാ എവിടെയോ ഒരു തരിപ്പ് , ഒരിക്കലും അറ്റം കാണാത്ത, ഒരിക്കലും ഒഴുകി തീരാത്ത ഒരു വിയർപ്പു തുള്ളി പോലെ.. ഞാൻ ആരാടാ?. ഞാൻ മരിച്ചോ?..ഞാൻ എന്നത്?.. ഡാ..?”

പക്ഷേ അത് കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. പകലും രാത്രിയും വേർതിരിച്ച് അറിയാൻ അവസരം നൽകാത്ത ആ റൂമിന്റെ ഒരറ്റത്ത് ആ മേശയ്ക്കു മുൻപിൽ ഒരു ഒഴിഞ്ഞ കസേരയും  പിന്നെ ഒരു ഒഴിഞ്ഞ മനുഷ്യനും. അയാളുടെ മൊബൈൽ ഫോൺ ശബ്ദികുന്നുണ്ട്. 

പ്രപഞ്ചം വിളിക്കുന്നത് ആണ്. അയാൾ അതു അറിഞ്ഞു കാണില്ല.