വില്പനകരാർ

ഞൻ എന്ന ജീവിയിൽ എന്താണ് ഇന്ന് ബാക്കിയുള്ളത്. വിൽക്കാനുള്ളത് വിറ്റു, എന്റെ മുതലാളിയുടെയും,എന്റെ വാമഭാഗത്തിനെയും,എന്റെ കൂടെ ഇരുന്നവന്റെയും തെറി വിളിച്ചവന്റെയും, അപരിചിതന്റെയും ,സ്വപ്നത്തിന്റെയും സന്താപത്തിന്റെയും, അർത്ഥത്തിന്റെയും അനർത്ഥത്തിന്റെയും,വഴികളുടെയും വികാരങ്ങളുടെയും എന്തിനും ഏതിനും പാതിയായും പകുതിയായും മുറിച്ചും മുറിപ്പെടുത്തിയും ബാക്കി ആയ എന്നെ ഞാൻ ലാഭവിലയിൽ വിൽക്കുന്നു. താല്പര്യമുള്ളവർ അടുത്ത ചന്തയിലെ കശാപ്പുശാലയിൽ അന്വേഷിക്കുക.വിലയായി ഒരു ഉത്തരം മാത്രം തരിക,എന്റെ ജീവന് ജീവിതത്തിനു അർത്ഥമോ വ്യാകരണമോ വേണ്ട, പക്ഷെ അതിന്റെ പരമാണുവിൽ എങ്കിലും ഉൾക്കൊള്ളാവുന്ന എന്തെങ്കിലും ഒന്ന് കാണിച്ചു തരു, ആഴത്തിൽ എങ്കിലും ഇളക്കം ഉള്ള ഓളമെങ്കിലും കാട്ടി തരു.ആ കരാറിൽ ഞാൻ തയ്യാർ ആണ്, എന്നെ തന്നെ നഷ്ടപ്പെടാൻ.

ആര്?

ഞാൻ ആരാണ് എന്നത് വിരോധഭാസത്തിന്റെ പുഞ്ചിരിയിൽ ഒതുങ്ങി പോകും എന്ന് എനിക്ക് തോന്നുന്നു. കാരണം അത് പറയാൻ എനിക്ക് സൗകര്യമില്ല, ഇനിയും കണ്ടെത്താത്ത ചിന്തയുടെ മഹാഗോപുരങ്ങൾ മനുഷ്യൻ എന്ന കല്പിതജീവിയുടെ തലച്ചോറിന്റെ ചെറിയ ക്യാൻവാസിൽ പകർത്താൻ പ്രപഞ്ചം എന്ന കലാകാരൻ കത്തുനില്കുന്നുണ്ട്. ഞാൻ എന്ന പദത്തിൽ എന്നെ ഉൾക്കൊള്ളിക്കാൻ ഭാഷകൊണ്ടോ ചിന്ത കൊണ്ടോ നമുക്ക് സാധിക്കില്ല.സാധിച്ചാലും ആ സാധന വികല്പിതവും അതേപോലെ താനെ അചഞ്ചലവും ആകും. അതാണ് ഞാൻ പറഞ്ഞു തുടങ്ങിയത്- വിരോധഭാസത്തിന്റെ മടിത്തട്ടിൽ ആണ് എന്റെ കളിക്കളം എന്നു. അങ്ങനെ അല്ല ഞാൻ പറഞ്ഞു തുടങ്ങിയത് അല്ലെ, ആർക്കറിയാം, എന്തറിയാം. നിങ്ങൾ ആരാണ് എന്ന തിരിച്ചറിവ് പോലും ഇല്ലാത്ത വിഡ്ഢികൾ ,ഞാൻ ആരാണ് എന്നു ചോദിക്കുന്നു. സൗകര്യമില്ല എനിക്ക് പറയാൻ. ഇന്നത്തെ ആത്മഹത്യയ്ക്കു സമയം ആയി. ഞാൻ പോകട്ടെ, ഞാൻ എന്നെ ഉന്മൂലനം ചെയ്തിട്ടു വരാം.നമുക്കു തമാശ പറഞ്ഞു ഇരിക്കാം.

ഇരുട്ടിലെ വെളിച്ചങ്ങൾ

“അമ്മച്ചീ”

“എന്നാടാ മോനെ” 

“എന്നാ അമ്മച്ചി ഇരുട്ട്” 

“കറണ്ട് പോയതാടാ മോനെ” 

“എത്ര നേരായി അമ്മച്ചി..പപ്പാ എന്തിയെ” 

“പപ്പാ വരും മോനെ, ഇപ്പോ വരും”

“എത്ര നേരായി അമ്മച്ചി.. അമ്മച്ചി മുറുക്ക് ഉണ്ടോ..ഒരു ഇഷ്ടം”

“മ്മ്..”

“വാ ഒന്ന് പൊളിച്ചെ മോനെ..ആ ആ”

ആ കരുമുറെ ശബ്ദം ഇരുട്ടിൽ എല്ലാം നിറഞ്ഞു.ഇരുട്ടിനു കൊതി തോന്നിയോ ആവോ. 

“പതിയെ തിന്ന്..ചുണ്ടി കടിക്കണ്ടാ..”

“മ്മ് മ്മ് മ്മ്”

“കഴിക്കുമ്പോ സംസാരിക്കാതെടാ മോനെ”

“എന്നാടാ ക്ഷീണിച്ചോ..പതിയെ കഴിക്കാൻ പറഞ്ഞതല്ലേ മുത്തേ”

“അമ്മച്ചീ..”

“എന്നാടാ..എന്ന വയ്യായ്ക വല്ലോം തോന്നാണുണ്ടാ”

“…അമ്മച്ചീ..”

“എന്നാടാ എന്നാടാ മോനെ”

“അമ്മച്ചി എങ്ങനാ ഇരുട്ടത്ത് ഒന്നും തട്ടാതെ പോയേ?”

“അമ്മച്ചീ എന്ന ഒന്നും പറയാത്തതെ”

“മതിലെ പിടിച്ചു പിടിച്ചു പോയെടാ മോനെ”

“അമ്മച്ചീ കള്ളം പറയുവാ ഇല്ലേ?..എന്റെ കാഴ്ച പോയോ അമ്മച്ചീ..”

“അമ്മച്ചീ കരയാതെ ..”

“അമ്മച്ചീ കരയല്ലേ എന്റെ പൊന്നമ്മച്ചി അല്ലെ”

“അമ്മച്ചീ എനിക്ക് എല്ലാം കേൾകാം അമ്മച്ചീ.. പണ്ട് ഇങ്ങനെ പറ്റില്ല അമ്മച്ചീ..അമ്മച്ചീ കരയല്ലേ അമ്മച്ചീ”

“നിർത്തിയെടാ മോനെ..ഞാൻ നിർത്തി”

“ഇവിടെ അമ്മച്ചീടെ കവിള്..അമ്മച്ചീ അപ്പനും പോയതാണോ അമ്മച്ചീ..”

“നിനക്കെന്തിനാടാ അപ്പൻ..ഞാൻ ഇല്ലേ..ഞാൻ  ഇല്ലേടാ”

“അമ്മച്ചീ”

സൃഷ്ടാവ് അറിയാൻ,

സൃഷ്ടാവ് അറിയാൻ,

ഈ കത്തു നിങ്ങൾക്കു കിട്ടുന്ന നിമിഷം നിങ്ങൾ അറിയണം, നിങ്ങളുടെ കളിയിലെ പരീക്ഷിക്കപ്പെടേണ്ട കാലാൾ ആകാൻ എനിക്കു സൗകര്യമില്ല എന്ന്.

താൻ എനിക്ക് തന്ന ജീവൻ. എനിക്ക് മതിയായി എന്നു അറിയിക്കുന്നു. ഞാൻ എന്റെ നിശ്ചലമായ കൈകൾ ചലിപ്പിച്ചു എന്റെ ജീവിതം എഴുതാൻ  തീരുമാനിച്ചു,തന്റെ സാമ്രാജ്യത്തിലെ ഓരോ ഋതുഭേദവും എനിക്കു സമ്മാനിച്ച സ്മരണകൾ തനിക്കു ഞാൻ അയച്ചു തരുന്നു. ഭൂമിയിൽ അലസമായി ചിരിക്കുന്ന ഏതൊരു ആത്മാവിന്റെ നെരിപ്പൊടിലും നിലവിളിക്കുന്ന ഓർമകളെ ബന്ദിച്ചിരിക്കുന്നു. ആ നിലവിളികളുടെ ഉഷ്മാവിൽ പോലും ഒരാൾ കൈ വിടാതെ സൂക്ഷിക്കുന്ന ചില പ്രതീക്ഷകൾ ഉണ്ടാവും. അങ്ങനെയുള്ള പ്രതീക്ഷകളെ തകർത്തു രസിച്ചു താൻ  പറയാൻ തുടങ്ങുന്ന ജീവനരഹസ്യങ്ങൾ എന്താണെങ്കിലും അത് എനിക്ക് വേണ്ട എന്നറിയിക്കുന്നു. ഒരപേക്ഷ കുട്ടികളെ തന്റെ കരുക്കൾ ആക്കരുതേ എന്നു മാത്രം.

ഞാൻ ചത്തു എന്നു അറിയിക്കുന്നു. ഇനിയും പുതിയ ജന്മങ്ങളുടെ സാത്വികജ്ഞാനത്തിൽ എന്നെ രസിപ്പിക്കരുതെ

എന്നു നിന്റെ അഹങ്കാരിയായ,

സൃഷ്ഠി.

വൈഗ

“ഇന്നലെ ഞാൻ നിന്റെ വാതിലിൽ മുട്ടിവിളിച്ചായിരുന്നു. എന്തേ നീ കേട്ടില്ലേ,ഉറങ്ങി പോയോ?” ഉത്തമന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു. അതെന്നും വൈഗയോട് അവൻ അങ്ങനെയേ തുടങ്ങിയിരുന്നുള്ളൂ. ചോദ്യങ്ങളുടെ കുശലാന്വേഷണം,നോട്ടം തെറ്റാതെ മുർച്ചയില്ലാതെ തെല്ലൊരു അലസതയോടെ നീങ്ങുന്ന കണ്ണുകൾ, ഉത്തരം പ്രതീക്ഷിക്കാതെ അയാൾ ഇങ്ങനെ എന്നും വൈഗയോട് അയാൾ ചോദിക്കും. വൈഗ ഉത്തരം പറയാതെ മുന്നോട്ടു നടന്നു. അവൾ മനസിൽ പറഞ്ഞു “അയാളോട് എന്തിന് ഉത്തരം പറയാതെ പോണം, ഒന്നുമില്ലെങ്കിലും അയാൾ ഈ നാടിന്റെ ആസ്ഥാന ഭ്രാന്തൻ അല്ലെ, ഞാൻ ഈ നാടിന്റെ ആസ്ഥാന അഭിസാരികയാകും”. ചിന്തയിൽ അഭിരമിച്ചു പതിയെ ചിരിച്ച് തല ഉയർത്തി കണ്ണുകൾ ഉടക്കിയത് നാട്ടിലെ ക്ഷേത്രത്തിലെ ആസ്ഥാന നമ്പൂരിയുടെ കണ്ണുകളുമായി. “വൈഗ കുട്ടി, ഞാൻ ഇന്ന് വരുട്ടൊ. നമുക്കു ഇന്ന് കെങ്കേമം ആക്കണം” വൈഗ കഠിന സ്വരത്തിൽ തന്നെ പറഞ്ഞു “പറ്റു തീർക്കാതെ ഇയാള് എന്റെ ചൂട് പറ്റാമെന്നു കരുതണ്ട” “എന്താടി ഇങ്ങനെ, നിനക്കു വേണ്ടി ഞാൻ എന്നും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട് മോളെ, നീ വായോ, അർച്ചനയ്ക് രസീത് ഒന്നും വേണ്ട.ഞാൻ ഇല്ലെടോ” “ലൂയി, വേണ്ട, അതിപ്പോ ഈശ്വരൻ ആണേലും പറ്റു തീർക്കാതെ എന്റെ പുതപ്പും പുറവും ഞാൻ തരില്ല” അല്പം അകലെയായി തെങ്ങിൽ നിന്ന് ഇറങ്ങി വന്ന ആസ്ഥാന തെങ്ങുകയറ്റകാരൻ ജിഷ്ണു ഉറക്കെ ചോദിച്ചു “എന്താ നമ്പൂരി പ്രശ്നം” നമ്പൂരി ഉറക്കെ പറഞ്ഞു ” വൈഗ ഇപ്പോ വന്നു വന്നു മനുഷ്യപെറ്റു ഇല്ലാണ്ടായി മാറിയിരികണ് ജിഷ്ണുവേ. ഇത്തിരി ഉറങ്ങാൻ സ്ഥലത്തിന് പറ്റു മുഴുവൻ തീർക്കണം എന്നു” ജിഷ്ണു പറഞ്ഞു “നമ്പൂരി നിങ്ങൾ ഞങ്ങടെ പാർട്ടിയിൽ ചേര്, വൈഗയുമായി ഒരു മാസം ഫ്രീ ആയി നൽകുന്നുണ്ട് ഞങ്ങൾ” വൈഗ ഇടപെട്ടു “അതിന്റെ കാര്യം, നിന്റെ പാർട്ടി പ്രസിഡന്റ്നെ ഞാൻ കാണാൻ ഇരിക്കുവാ,  ജിഷ്ണുവേ, അതിന്റെ പൈസ ഇതേവരെ കിട്ടിയില്ല കേട്ടോ, അത് മാത്രല്ല എനിക്ക് ഫ്രീ ഇൻഷുറൻസ്, ഫ്രീ മെഡിക്കൽ ചെക്ക്പ് എന്നൊക്കെ പറഞ്ഞതാ,ഞാൻ അതിപ്പോഴും എന്റെ കാശ് കൊടുത്ത്‌ തന്നാ ചെയ്യുന്നേ.” ജിഷ്ണു പറഞ്ഞു “ക്ഷമിക്ക് എന്റെ വൈഗ, പുള്ളി അങ്ങേരുടെ മകന്റെ കല്യാണത്തിന് പുരുഷധനം ഉണ്ടാകുവാനുള്ള ശ്രമത്തിലാണ്, അത് കഴിഞ്ഞു നിന്നെ വന്നു കാണും..എല്ലാം ശരിയാകും” നമ്പൂരി ഇടപെട്ടു “അതൊക്കെ പിന്നെ, ഇന്ന് രാത്രി കൂടി വൈഗ..നല്ല കുട്ടിയല്ലേ” പതിയെ ചുണ്ടു കോടിച്ചു ജിഷ്ണു തെങ്ങിനെ വെട്ടി വീഴ്ത്താൻ എന്ന പോലെ നടന്നു അകന്നു. വൈഗ പറഞ്ഞു “ജിഷ്ണു നീ രക്ഷപെട്ടല്ലേ, കൊള്ളാം.. ഓ..ലൂയി ഇന്ന് പറ്റില്ല, ഇന്ന് ഞാൻ ഒരാൾക്കു അവസരം കൊടുത്തു കഴിഞ്ഞു, നാളെ കാശും കൊണ്ട് വരൂ, നമുക്കു നോക്കാം” ലൂയി നമ്പൂരി പറഞ്ഞു “ആഹ്..ഇനി ദേവിയുടെ ആഭരണം വല്ലോം വിൽക്കാം, അല്ലാതെങ്ങാനാ”

വൈഗ ഒന്നും കേൾക്കാൻ നിൽക്കാതെ നടന്നു .