ജാലകം

നീ ഇന്നു എന്റെ അരികിൽ എത്തും എന്നു ഞാൻ കരുതി. എന്റെ കരുതലുകൾ എന്നും ജലരേഖകൾ മാത്രമാണെങ്കിലും, ഇന്ന് ഉറപ്പായും അങ്ങനെ സംഭവിക്കും എന്നു തന്നെ കരുതി. കാരണം ഇന്ന് ഞാൻ ആ ജാലകം തുറന്നു, 8 വർഷങ്ങൾക്കു ശേഷം ഞാൻ നമ്മുടെ മുറിയിലെ ജലകവത്തിലുകൾക്കു മുകളിൽ പതിയെ വിരലുകൾ അമർത്തി, മരവിച്ചു പോയ എന്റെ ഒറ്റമുറിക്കു വെളിച്ചം ശാപമോക്ഷം നൽകി. ഞാൻ അങ്ങനെ നോക്കിയിരുന്നു, പാടത്തു അലഞ്ഞു തിരിയുന്ന കാറ്റിനെ കണ്ടു, നിന്നെ കണ്ടു, എന്നെ കണ്ടു, നമ്മളെ കണ്ടു. കൊതിയോടെ എന്റെ ഓർകൾക് പൂർണം സ്വാതന്ത്ര്യം കൊടുത്തു. അവർ വരച്ച ചിത്രങ്ങൾക്ക് കണ്ണീരിന്റെ കയ്യൊപ്പു പകർന്നു.

8 വർഷമല്ല കടന്നു പോയത്, ജീവന്റെ തീക്ഷണമായ യൗവ്വനം ആണ് കടന്നുപോയത്, എവിടെയോ നമ്മൾ കൈപിടിച്ചു നടന്നു പോകുന്നു. ആ പാടത്തു കളിക്കുന്നുണ്ട്, അവർ ആ വഴിയിലൂടെ നടന്നു പോകുന്നുണ്ട്, ആ പുല്മേടുകളുടെ മറവിൽ പരസ്പരം ഒടുങ്ങാത്ത ആവേശത്തിൽ ചുംബിക്കുന്നുണ്ട്. ഒടുവിൽ ശാന്തമായി അവർ ശ്യാമാംബരം വീക്ഷിക്കുന്നുണ്ട്, കൈകൾ കോർത്തുപിടിച്ചു ,തോളുകൾ ഉരുമ്മി, അകലേക്ക് കണ്ണുകൾ പായിച്ചു, ശാന്തമായി തെന്നലോളങ്ങളെ ആസ്വദിച്ചു ചക്രവാളസീമയിലേക്കു അലിഞ്ഞു ചേരുന്നുണ്ട്.

നീ ഇന്ന് വരും എന്ന് കരുതി ഞാൻ. ഞാൻ ജാലകം ചാരുകയാണ്, ചെമ്മെ കണ്ണുകൾ അടയ്ക്കുകയാണ്, പുതപ്പിന് പുറത്തേക്കു എന്റെ കാലുകൾ നീട്ടി വെയ്ക്കുന്നു. അതു നാളെ തണുത്തു മരവിയ്ക്കും മുൻപേ നീ വരില്ലേ.

Advertisements

വരം

നൂറ്റാണ്ടുകൾ നീണ്ടു നിന്ന തപസ്സിന് ശേഷം അയാൾക്ക് മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു. നിതാന്തമായ പ്രണയം വരമായി ആവശ്യപ്പെട്ട അവന്റെ മുന്നിൽ നിന്ന് ദൈവം കണ്ണീരോടെ മറഞ്ഞു -ഒന്നും പറയാതെ, ഒന്നും ചെയ്യാതെ.അയാൾ വീണ്ടും തപസ്സ് തുടങ്ങി .