ഞാണ്

മക്കളുടെ പൊടിപ്പിച്ച ചിത്രങ്ങൾ നോക്കി ഓർമ്മകളുടെ ആർദ്രതയിൽ മൂകമായൊരമ്മയെപ്പോലെ

Advertisements

അസാധാരണമായ ദിവസം. പ്രകൃതി മൂകയാണ്, ശാന്തയാണ്. മക്കളുടെ പൊടിപ്പിച്ച ചിത്രങ്ങൾ നോക്കി ഓർമ്മകളുടെ ആർദ്രതയിൽ മൂകമായൊരമ്മയെപ്പോലെ. അന്തരീക്ഷത്തിൽ ഒരു ഇരുട്ട് പടർന്നിരിക്കുന്നു. എവിടെയോ ശുദ്ധജലത്തിൽ തുള്ളി മഷി വീണു. അനാദിമധ്യാന്തം നീണ്ടു കിടക്കുന്ന ഒരു വരയിൽ സൂക്ഷ്മമായ വളവ് വീണു. ആറോഡിൽ ഒരു കാർ ശാന്തമായി കടത്ത പോകുന്നു. പക്ഷേ അതിൻ്റെ തേരാളി …എന്തോ ഒന്ന് അവൻ്റെ ഉള്ളിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു. ഒരു മൂളൽ, ഒരു തരിപ്പ്, അശാന്തിയുടെ അപര സ്വരങ്ങൾ, വയലിൻ്റെ നാലാമത്തെ സ്വരസ്ഥാനങ്ങളുടെ ഒടുങ്ങാത്ത വായനപോലെ. വണ്ടിയുടെ സ്റ്റീയറിങ്ങ് അമർത്തി പിടിച്ചു, അവൻ ആ പതിഞ്ഞ ചടുലതാളത്തെ അടക്കി നിർത്താൻ ശ്രമിച്ചു, അടിച്ചമർത്താൻ ശ്രമിച്ചു. പിന്നിൽ സീറ്റിൽ നിന്ന് അവിരാമം തുടരുന്ന കലപില സംസാരത്തിൻ്റെ അസ്വസ്തതയുടെ പുതപ്പിൻ ചുവട്ടിൽ ഒതുങ്ങിക്കൂടാൻ വൃഥാ ശ്രമിച്ചു. .ചരടു പൊട്ടി അകന്നു പോകുന്ന ബോധ മനസ്സിൻ്റെ നിയന്ത്രണം തിരികെപ്പിടിക്കാൻ അയാൾ പെടാപ്പാടുപെട്ടു. ആ കാറിൻ്റെ പിൻസീറ്റിൽ അച്ഛനും അമ്മയും മകളും അടങ്ങുന്ന ചെറുകുടുംബം അവരുടെ ദൈനംദിന വേഷങ്ങൾ കൈകാര്യം ചെയ്തു പോന്നു. ” അയ്യോ! നിനക്ക് വല്ലായ്മ ഉണ്ടെങ്കിൽ ഇവിടെ വല്ലോ റൂം എടുക്കാം.” അമ്മ പറഞ്ഞു. “എനിക്ക് വയ്യാ … നമുക്ക് തിരിച്ചു പോവാ ” മകള് തൻ്റെ ഇഗിതം പ്രകടമാക്കി. “നിനക്കെന്നാടി ,ഞങ്ങളോട് സംസാരിക്കാൻ വയ്യ…യാത്ര ചെയ്യാൻ വയ്യ… ഈ പ്രായം ഒക്കെ കഴിഞ്ഞാ ഞങ്ങളും ഇവിടെ വരെ എത്തിയെ ” അച്ഛൻ പ്രതികരിച്ചു. ” പോ …” അമ്മ പറഞ്ഞു തീരും മുൻപ് വണ്ടി പൊടുന്നനെ നിന്നു. “എന്തു പറ്റി ?” ഡ്രൈവറോട് മകള് ചോദിച്ചു.
ഡ്രൈവർ തല തിരിച്ചു, അയാളുടെ രൂപം കണ്ട്, അച്ഛൻ നിലവിളിച്ചു, അമ്മ മകളെ ചേർത്തു പിടിച്ചു.അയാളുടെ സർവ്വ ദ്വാരങ്ങളിൽ നിന്നും ചോര അണമുറിയാതെ ഒഴുകുന്നു.
“ദൈവം വന്നു … ദൈവം വന്നു…. ദൈവം വന്നു ”
അയാളുടെ കണ്ണുകളിൽ നിസ്സീമമായ ആനന്ദം, അയാൾ ഒന്നു നിശ്വസിച്ചു. അച്ഛൻ എന്തോ ചോദിക്കാൻ ആഞ്ഞു.
ആ നിമിഷം ആ ഡ്രൈവർ ആയിരം ചെറു മാംസ കഷ്ണങ്ങളായി ചിന്നി ചിതറി, എല്ലാവരേയും ചോരയിൽ കുളിപ്പിച്ച് അയാൾ പൊട്ടിത്തെറിച്ചു. അതിനപ്പുറം ഒരു കൂട്ട നിലവിളി മാത്രം ഒപ്പം വായിൽ പോയ മാംസവും ചോരയും ഛർദിക്കാനുള്ള ശരീരങ്ങളുടെ ശ്രമം.ഗോപ്യമായി മകള് മാത്രം പുഞ്ചിരി തൂകി.

വരം

നൂറ്റാണ്ടുകൾ നീണ്ടു നിന്ന തപസ്സിന് ശേഷം അയാൾക്ക് മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടു. നിതാന്തമായ പ്രണയം വരമായി ആവശ്യപ്പെട്ട അവന്റെ മുന്നിൽ നിന്ന് ദൈവം കണ്ണീരോടെ മറഞ്ഞു -ഒന്നും പറയാതെ, ഒന്നും ചെയ്യാതെ.അയാൾ വീണ്ടും തപസ്സ് തുടങ്ങി .